
വരയാട്ടുമൊട്ട
ഗ്രീന്‍സ് അംഗങ്ങളുടെ ഈ വര്‍ഷത്തെ ഏകദിന ട്രെക്കിങ് 27.11.2007ന് വരയാട്ടുമൊട്ടയിലേയ്ക്കായിരുന്നു. Ponmudi Ibex Hill എന്നറിയപ്പെടുന്ന വരയാട്ടുമൊട്ടയാണ് തെക്കന്‍ കേരളത്തില്‍ വരയാടുകള്‍ (Nilgiri Tahr) കാണപ്പെടുന്ന ഏക സ്ഥലം. ഇവയെക്കുറിച്ച് ഗ്രീന്‍സ് നടത്തിയ പഠന റിപ്പോര്‍ട്ടിന് അന്താരാഷ്ട്ര അംഗീകാരം ലഭിക്കുകയുണ്ടായി.
ഗ്രീന്‍സ് അംഗങ്ങള്‍ ഇതിനു മുന്‍പും പലതവണ വരയാട്ടുമൊട്ട സന്ദര്‍ശിച്ചിരുന്നുവെങ്കിലും അവയെല്ലാം പൊന്മുടി ഭാഗത്തുനിന്നായിരുന്നു. ഇത്തവണ മങ്കയം (കുരിശടി) വഴിയായിരുന്നു യാത്ര.
പച്ചിലപ്പാമ്പ്
മങ്കയത്ത് നിന്ന് രാവിലെ വൈകി 10.15 ന് പുറപ്പെട്ട പത്തംഗ സംഘം ഒരു മണിയോടെ വരയാട്ടുമൊട്ടയിലെത്തിച്ചേര്ന്നു.
വൈകി എന്നതിനാല്‍ത്തന്നെ അധികം വരയാടുകളെ കാണുവാന്‍ സംഘാംഗങ്ങള്‍ക്ക് കഴിഞ്ഞില്ല.
അഞ്ചുകിലോമീറ്റര്‍ കുത്തനെയുള്ള കയറ്റം എല്ലാ സംഘാംഗങ്ങളും വിജയകരമായി പിന്നിട്ടു. ചെറിയ തോതില്‍ അട്ട ശല്യവും ഉണ്ടായിരുന്നു. വഴികാട്ടികള്‍ മൊട്ടയുടെ ചുവടുവരെ വന്നു. വരയാടുകള്‍ക്ക് നേരിടേണ്ടിവരുന്ന ഭീഷണിയെക്കുറിച്ചും അത് അതിജീവിക്കുന്നതിനെക്കുറിച്ചും ഗൌരവാവഹമായ ചര്‍ച്ച നടന്നു.
കിഴക്കായി, ഹരിതഭൂമിയില്‍ ഒരു വൃണം പോലെ മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റിലെ ഹെലിപ്പാട്. മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റും പൊന്മുടി വയര്‍ലെസ് സ്റ്റേഷനും അകലെ കാണാം.പിന്നിട്ട പാത: മൊട്ടയില്‍ നിന്നുള്ള കാഴ്ച
(പാതയിലെ ഏക ‘നിരന്ന’ പ്രദേശവും ഇതായിരുന്നു)
തിരികെ വന്നു മങ്കയം വെള്ളച്ചാട്ടത്തില്‍ കുളിച്ചു. മൂന്നു തട്ടുകളായി പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ആദ്യത്തെയും അവസാനത്തെയും പതനങ്ങള്‍ സുരക്ഷിത സ്നാനം ഉറപ്പുതരുന്നു. സ്ത്രീകള്‍ക്കായി പ്രത്യേകം കടവും ഇവിടെയുണ്ട്. തിരുവനന്തപുരത്തെ ഏക ഡ്രൈവ്-ഇന്‍ വെള്ളച്ചാട്ടവും ഇതുതന്നെ.
മങ്കയം വെള്ളച്ചാട്ടം: ഒന്ന് മങ്കയം വെള്ളച്ചാട്ടം: മൂന്ന്
(രണ്ടാമത്തെ വെള്ളച്ചാട്ടം ചെറുതും അപകടകരവുമാണ്.)
ഉള്‍ക്കാട്ടിലെ ‘മണശാല’ എന്ന, ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച കരിങ്കല്ക്ഷേത്രത്തെക്കുറിച്ചുള്ള അറിവ് വീണ്ടുമൊരു വരവിന് പ്രചോദനമായി ഉള്‍ക്കൊണ്ട് അംഗങ്ങള്‍ മടങ്ങി.